അടൂർ: അടൂർ കേന്ദ്രീകരിച്ച് ഞായറാഴ്ച രാത്രി വ്യാപക മോഷണവും മോഷണശ്രമങ്ങളും. ആരാധനാലയങ്ങളിലെ വഞ്ചികൾ കുത്തിത്തുറന്ന് പണം അപഹരിച്ചും സ്ഥാപനങ്ങളുടെ പൂട്ട് തകർത്തും മോഷ്ടാക്കൾ വിലസുകയായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അടൂർ മേഖലയിൽ നടന്നുവരുന്ന മോഷണങ്ങളുടെ തുടർച്ചയാണ് ഞായറാഴ്ച രാത്രിയിലും ഉണ്ടായതെന്ന് കരുതുന്നു. ടൗൺ മേഖലയ്ക്കു പുറത്ത് കൊടുമൺ, ചന്ദനപ്പള്ളി ഭാഗങ്ങളിലും കഴിഞ്ഞ രാത്രി മോഷണങ്ങളുണ്ടായി.
പറക്കോട് അവറുവേലിൽ ഭദ്രകാളി ദേവിക്ഷേത്രത്തിന്റെ കിഴക്കേ റോഡരികിലുള്ള വഞ്ചി കുത്തിത്തുറന്ന് പണം അപഹരിച്ചു.ബിവറേജസ് കോർപറേഷൻ കൊടുമൺ ഔട്ട് ലെറ്റിന്റെ പൂട്ട് പൊളിച്ച് മദ്യവും ബിയറും മോഷ്ടിച്ചു.
കൊടുമൺ എംജിഎം സ്കൂളിന് സമീപമുള്ള കുരിശടിയിലും മോഷണം നടന്നു.ചന്ദനപ്പള്ളി സെന്റ് ജോർജ് തീർഥാടന കത്തോലിക്കാ പള്ളിയുടെ മുൻവശത്തെ രണ്ട് വഞ്ചികൾ കുത്തിത്തുറന്ന് പണം അപഹരിച്ചു.
മോഷണശ്രമവും വ്യാപകം
പറക്കോട് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയുടെ വഞ്ചിയുടെ ഗ്ലാസ് തകർത്തശേഷം വഞ്ചി കുത്തിപ്പൊളിക്കാൻ ശ്രമം നടന്നു. പന്നിവിഴ പീടികയിൽ ദേവീക്ഷേത്രത്തിലെ വഞ്ചി കുത്തിത്തുറന്ന് പണം അപഹരിക്കാൻ ശ്രമിച്ചു.
അടൂർ ടൗൺ യുപി സ്കൂളിലെ ഓഫീസ് മുറിയുടെ വാതിലിന്റെ പൂട്ട് തുറക്കാനും ശ്രമിച്ചു.മുല്ലൂർകുളങ്ങര ദേവിക്ഷേത്രത്തിലെ കനാൽ ജംഗ്ഷനിൽ റോഡരികിലുള്ള വഞ്ചിയും കുത്തിത്തുറക്കാൻ ശ്രമിച്ചു. പൂട്ട് പൊളിച്ചെങ്കിലും വഞ്ചിയിൽ പണം നിക്ഷേപിക്കുന്ന ഭാഗത്തെ ലോക്കറിന് സമാനമായ പൂട്ട് പൊളിക്കാൻ മോഷ്ടാക്കൾക്കായില്ല.